തൃശ്ശൂര്‍:ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം എംബാം ചെയ്ത ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങും. നോര്‍ക്ക അധികൃതരുമായി ബന്ധുക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സി അലിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
ന്യൂസിലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരുന്ന അന്‍സി ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് അബ്ദുള്‍ നാസറിനൊപ്പം ന്യൂസിലന്‍ഡിലേക്കു പോയത്.ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് അബ്ദുള്‍ നാസര്‍ ജോലി ചെയ്തിരുന്നത്. സംഭവദിവസം പള്ളിയിലെത്തിയ അന്‍സി അക്രമിയുടെ വെടിയേറ്റു വീഴുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ് അന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ തലനാരിഴയ്ക്ക് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.