കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പശു രാഷ്ട്രീയം വിജയതന്ത്രമാക്കാന്‍ മമതാ ബാനര്‍ജി ഒരുങ്ങുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകള്‍ ലക്ഷ്യമാക്കി പശുക്കളെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേകം പദ്ധതി സര്‍ക്കാര്‍ രൂപീകരിച്ചു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന്റെ ഭാഗമായി ബംഗാള്‍ മൃഗസംരക്ഷണ വകുപ്പ് ബിര്‍ഭും ജില്ലയിലെ എല്ലാ ഗ്രാമീണവീട്ടുകാര്‍ക്കും രണ്ടായിരം പശുക്കളെ നല്‍കാന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷത്തോടെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാമായിട്ടുള്ളതാണ് പദ്ധതിയെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി സ്വാപന്‍ ദീപ്നാഥ് പറഞ്ഞു. ഞങ്ങള്‍ നേരത്തെ ഗ്രാമീണ വീടുകളില്‍ കോഴികളേയും ആടുകളേയും വിതരണം ചെയ്തിരുന്നു. ഇത്തവണ പശുകിടാങ്ങളെ കൂടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമങ്ങളില്‍ പശുവിതരണം ഇതിനോടകം തുടങ്ങി കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലുത്പാദനത്തില്‍ സംസ്ഥാനത്ത് 16 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ സ്വയം പര്യാപതതയ്ക്ക് ഇതുമതിയാകാത്തതിനാലാണ് പദ്ധതിയെന്നും സ്വാപാന്‍ ദീപ്നാഥ് വ്യക്തമാക്കി. അതേ സമയം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് പദ്ധതിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഒരോ കുടുംബത്തിനും ഒരു പശു എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.