ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അദ്ധ്യാപകന് സസ്പെൻഷൻ. ബത്തേരി ഗവണ്മെന്റ് സ്കൂളിലെ അദ്ധ്യാപകൻ ഷജിലിനെയാണ് സസ്പെന്റ് ചെയ്തത്. മറ്റു അദ്ധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ട്. സംഭവത്തിൽ ചികില്‍സ നല്കാന് വൈകിയെന്ന ആരോപണവുമായി സഹപാഠികളായ വിദ്യാര്‍ഥികളും രക്ഷകർത്താക്കളും രംഗത്ത് വന്നിരുന്നു. പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുല്‍ അസീസിന്റെയും സജ്നയുടെയും മകള്‍ ഷഹല ഷെറിനാണ് (10) കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച വൈകീട്ട് ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. 3.15ന് സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സ്കൂള്‍ അധികൃതര്‍ നല്കിയ വിവരമനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. പാമ്പുകടിച്ചതായി ഷഹല അധ്യാപകരോട് പലതവണ പറഞ്ഞിരുന്നു. കുട്ടിയുടെ കാലിന് നീല നിറവുമുണ്ടായിരുന്നു. ഷഹലയ്ക്ക് വിറയലും അനുഭവപ്പെട്ടിരുന്നു. തന്നെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്ന് വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് പ്രധാനാധ്യാപകന് പറഞ്ഞത്. സ്വന്തമായി വാഹനമുള്ള അധ്യാപകരുണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ഒരു അധ്യാപിക ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനാധ്യാപകന് നിരസിക്കുകയായിരുന്നു. സ്കൂളിൽ മതിയായ ടോയ്ലറ്റ് സൗകര്യമില്ല , വെള്ളമില്ല. ചെരുപ്പിട്ട് ക്ലാസില്‍ കയറാൻ തങ്ങളെ അദ്ധ്യാപകർ അനുവദിക്കാറില്ലെന്നും വിദ്യാര്‍ഥിനികള്‍ മാധ്യമങ്ങളോട് പറഞ്ഞു.