തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിച്ചിരിക്കേ സംസ്ഥാനത്ത് മൊത്തം 303 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.എല്ലാ തെരഞ്ഞെടുപ്പിലുമെന്നപോലെ ഇപ്പോഴും മിക്കവാറും മണ്ഡലങ്ങളിലും അപരന്‍മാരുടെ സാന്നിധ്യമുണ്ട്.വിഐപി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയെ എതിരിടാനും രണ്ട് അപരന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
വയനാട്,ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്.23 പേര്‍.ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ഇടുക്കിയിലും.പത്രിക സമര്‍പ്പിച്ചത് 9പേര്‍ മാത്രം.
കോട്ടയം എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍ ഗാന്ധി,തമിഴ്‌നാട് സ്വദേശി കെ രാകുല്‍ ഗാന്ധി എന്നിവരാണ് വയനാട്ടില്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയുടെ അപരന്‍മാര്‍.തൃശൂര്‍ സ്വദേശിയായ കെ എം ശിവപ്രസാദ് ഗാന്ധിയും വയനാട്ടില്‍ മല്‍സരത്തിനുണ്ട്.
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം കെ രാഘവനെതിരെ നാല് അപരന്‍മാരാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനെതിരെ മൂന്നും അപരന്‍മാരുമുണ്ട്.പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ ടി മുഹമ്മദ് ബഷീറിനുമുണ്ട് ഭീഷണിയായി മൂന്ന് അപരന്‍മാര്‍.എല്‍ഡിഎഫിന്റെ പിവി അന്‍വറിന് രണ്ട് അപരന്‍മാരുണ്ട്.
പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും.ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.