ദില്ലി:തനിക്കെതിരായി എന്തെങ്കിലും പരാതിയുള്ള കാര്യം അറിയില്ലെന്നും ഇപ്പോള്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നും പികെ ശശി എംഎല്‍എ.മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞത്.തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ക്കു പിന്നില്‍.ഏത് അന്വേഷണം നേരിടാനും തയ്യാറാണ്.ജനങ്ങള്‍ക്ക് തന്നെ അറിയാം.തന്റെ വ്യക്തിത്വത്തെ തകര്‍ക്കാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.
എന്നാല്‍ രാഷ്ട്രീയജീവിതത്തില്‍ പ്രതിസന്ധികള്‍ ആദ്യമല്ല.അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോകുമെന്നും എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ മാസം 14-നാണ് പി.കെ.ശശിക്കെതിരെ ഡിവൈഎഫ്.ഐ വനിതാനേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് അപമാനിച്ചെന്നും ഫോണിലൂടെ നിരന്തരം ശല്ല്യപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നല്‍കി.സംഭാഷണങ്ങളുടെ ഓഡിയോ ക്‌ളിപ്പ് കയ്യിലുണ്ടെന്നും അറിയിച്ചു.സംഭവം പുറത്തറിയുമെന്നായപ്പോള്‍ എംഎല്‍ പണം നല്‍കി ഒതുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ജില്ലാ നേതാക്കള്‍ക്കും പിന്നീട് മുഖ്യമന്ത്രി ഉള്‍പ്പടെ സംസ്ഥാനത്ത് നേതാക്കള്‍ക്കും പരാതി അയച്ചു.പിബിയില്‍ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും  നടപടിയുണ്ടാകാത്തതിനാലാണ് സീതാറാം യെച്ചൂരിയെ സമീപിച്ചത്.യച്ചൂരിയുടെ ഇടപെടലാണ് കേസ് അന്വേഷണത്തിന് വഴിതുറന്നത്.
അവൈലബിള്‍ പിബി ചേര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയത്.ഒരു വനിത ഉള്‍പ്പെടെ രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടതെന്നും പിബി നിര്‍ദ്ദേശിച്ചു. പി.കെ.ശശിക്കെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പികെ.രാജേന്ദ്രന്‍ പറഞ്ഞു.എന്നാല്‍ പരാതി താഴേത്തട്ടു മുതല്‍ ഒതുക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.