മുംബയ്:വനിതാക്രിക്കറ്റ് ടീമിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക്.ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ നിന്നും മിതാലി രാജിനെ ഒഴിവാക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി മിതാലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വനിതാ ടീം കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ രമേഷ് പവാറിനും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അംഗവും വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഡയാന എഡുല്ജിക്കുമെതിരെ ആരോപണങ്ങളുമായി മിതാലി രാജ് ബി.സി.സി.ഐയ്ക്ക് കത്തയച്ചു.
കോച്ച് രമേഷ് പവാര്‍ പലതവണ തകര്‍ക്കാന്‍ ശ്രമിച്ചതായി മിതാലി ആരോപിക്കുന്നു.താന്‍ നെറ്റ്സില്‍ പരിശീലനത്തിന് എത്തുമ്പോള്‍ രമേശ് പവാര്‍ അവിടെ നിന്ന് മാറിനില്‍ക്കുകയും മറ്റുള്ളവര്‍ പരിശീലനത്തിനെത്തുമ്പോള്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.എന്തെങ്കിലും ചോദിക്കാന്‍ ചെന്നാല്‍ അവഗണിച്ചുകൊണ്ട് ഫോണുമായി നടന്നുപോകും.അദ്ദേഹം തന്നെ നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് എല്ലാ ടീമംഗങ്ങള്‍ക്കും അറിയാമെന്നും മിതാലി വ്യക്തമാക്കി.
അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ താന്‍ രാജ്യത്തിനായി നല്കിയതൊന്നും വില കല്പിക്കുന്നതായി തോന്നിയിട്ടില്ലെന്ന് ഡയാന എദുല്‍ജിക്കെതിരായി മിതാലി പറഞ്ഞു. ബിസിസിഐയില്‍ അവര്‍ക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് മിതാലി ആരോപിച്ചു. 20 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ താന്‍ ഈ വിധത്തില്‍ തകര്‍ന്നുപോകുന്നത് ഇതാദ്യമാണ്.അവര്‍ തന്നെ തകര്‍ക്കാനും ആത്മവിശ്വാസം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്നും ഡയാന എഡുല്‍ജിയുടെ കൈകള്‍ ശുദ്ധമല്ലെന്നും മിതാലി കത്തില്‍ പറയുന്നു. ക്യാപ്ടന് ഹര്മന് പ്രീതിനെതിരെ തനിക്ക് പ്രത്യേകിച്ചൊരു പരാതിയുമില്ല.എന്നാല്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്ത കോച്ചിന്റെ തീരുമാനത്തെ ഹര്‍മന്‍പ്രീത് പിന്തുണച്ചത് വേദനിപ്പിച്ചെന്നും മിതാലി പറയുന്നു.
ഈ ലോകകപ്പ് രാജ്യത്തിനായി നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.ലോകകപ്പ് ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇക്കുറി നാം നഷ്ടമാക്കിയതെന്നും മിതാലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ മിതാലിയെ ഉള്‍പ്പെടുത്താതെ ഇറങ്ങിയ ഇന്ത്യ,എട്ടുവിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയിരുന്നു.മിതാലിയെ ഉള്‍പ്പെടുത്താതിരുന്നത് വലിയ തോതില്‍ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.എന്നാല്‍, മിതാലിയെ ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തില്‍ ഖേദമില്ലെന്നു ക്യാപ്ടന് ഹര്‍മന്‍പ്രീത് വ്യക്തമാക്കിയിരുന്നു.