കാസര്‍കോട്:പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പീതാംബരനെ പുറത്താക്കി പാര്‍ട്ടി നേതൃത്വം കൈകഴുകുമ്പോള്‍ പാര്‍ട്ടിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി പീതാംബരന്റെ കുടുംബം.പീതാംബരന്‍ ഒറ്റയ്ക്ക് കൊല ചെയ്യില്ലെന്നും പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്നും പീതാംബരന്റെ ഭാര്യ മഞ്ജു പറയുന്നു. തെരഞ്ഞെടുപ്പു സമയമായതിനാല്‍ പാര്‍ട്ടി അച്ഛനെ തള്ളിപ്പറഞ്ഞതാണെന്ന് പീതാംബരന്റെ മകളും പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പീതാംബരന്റെ ഇടതു കൈക്ക് പരിക്കേറ്റിരുന്നു.ഇരുമ്പ് കമ്പി ഇട്ടിരിക്കുന്ന കൈ അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എങ്ങനെയാണ് കൊലപാതകം നടത്താന്‍ കഴിയുകയെന്നും പീതാംബരന്റെ ഭാര്യ ചോദിക്കുന്നു.
പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.തുടര്‍ന്ന് മഞ്ജുവും മറ്റ് കുടുംബാംഗങ്ങളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്.സുഹൃത്തായ ആറ് പേര്‍ കൊലയില്‍ പങ്കാളികളായെന്നും പീതാംബരന്‍ സമ്മതിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നും പീതാംബരന്‍ പറഞ്ഞു.എന്നാല്‍ ഭാര്യയുടെ വെളിപ്പെടുത്തലോടെ പാര്‍ട്ടി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.