കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതീക്ഷ. പാര്‍ട്ടി തീരുമാനത്തിന് ശേഷം വൈകീട്ടോടെ യുഡിഎഫ് നേതൃത്വവുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചന നേതാക്കളുടെ വാക്കുകളിലുണ്ട്.
അതേസമയം നിഷാ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. പാലായില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. എന്തായാലും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പത്രികയും സമര്‍പ്പിച്ച് പ്രചരണവും തുടങ്ങിയ സാഹചര്യത്തില്‍ നാളെത്തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കേരളകോണ്‍ഗ്രസിന് സമ്മര്‍ദ്ദമേറും.
ജോസ് പക്ഷം മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ച് പിജെ ജോസഫിന്റെ കൂടി പിന്‍തുണ നേടിയെടുക്കാനായിരിക്കും യുഡിഎഫ് നീക്കം.