തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതവികാരം വഷളാക്കി ദൈവത്തിന്റെ പേരില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്നും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.
പാലായില്‍ ഓഗസ്റ്റ് 25 വരെ അപേക്ഷ നല്കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആകെ 177864 വോട്ടര്‍മാരുണ്ട്.176 പോളിംഗ് സ്റ്റേഷനുകളില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കും. മണ്ഡലത്തില്‍ രണ്ട് പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. റഷ്യയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് പുരസ്‌കാരം തീരുമാനിച്ചതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.