ഡാളസ്: പാല് കുടിക്കാന്‍ മടി കാണിച്ച മൂന്നു വയസുകാരിയെ രാത്രി വീടിനു പുറത്തു നിറുത്തിയതിനെ തുടര്‍ന്ന് കാണാതായ സംഭവത്തില്‍ ദുരൂഹത. ഡാളസ് നഗര പ്രാന്തത്തിലുള്ള പ്ലാനോയില്‍ നിന്ന് മലയാളി ബാലിക ഷെറിനെയാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ കാണാതായത്.
പാല് കുടിക്കാത്തതിനുളള ശിക്ഷ എന്ന നിലയില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ വീടിനു പിന്നിലുള്ള ഒരു മരത്തിന്റെ കീഴില്‍ നിര്‍ത്തുകയായിരുന്നുവെന്നു കുട്ടിയുടെ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് പൊലീസിനോട് പറഞ്ഞു. 15 മിനിറ്റ് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടെത്താനായില്ല.ഉറക്കത്തിലായിരുന്നതിനാല്‍ വെസ്ലിയുടെ ഭാര്യ സംഭവമറിഞ്ഞതു വൈകിയാണെന്ന് പറയുന്നു.
ശിശുസംരക്ഷണ നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത വെസ്ലിയെ (37) രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, നാലു വയസുള്ള മൂത്ത കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് ഏറ്റെടുത്തു ഫോസ്റ്റര്‍ കെയറിലേക്കു മാറ്റി. കുടുംബം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഇര്‍വിങ്ങിലെ ഇമ്മാനുവല്‍ ബൈബിള്‍ ചാപ്പല്‍ അംഗങ്ങള്‍ ഷെറിനെ കണ്ടെത്താന്‍ വ്യാപക പ്രചാരണമാരംഭിച്ചു. തങ്ങളുടെ കൂട്ടയ്മയിലെ ഏറ്റവും അകര്‍ഷകത്വമുള്ള സുന്ദരിക്കുട്ടിയാണ് ഷെറിനെന്ന് ചാപ്പല്‍ അംഗങ്ങള്‍ പറഞ്ഞു.
വെസ്ലിയുടെ ഭാര്യയെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ഷെറിന് ഇവരുടെ ദത്തു പുത്രിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ദമ്പതികള്‍ക്കു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ ഇന്ത്യയില്‍ പോയി ഷെറിനെ ദത്തെടുത്തു. ഒരു കുട്ടിയെ ദൈവം അദ്ഭുതകരമായി നല്കിയപ്പോള് നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കുന്നതിനാണ് ഇവര്‍ ഷെറിനെ ദത്തെടുത്തതത്രേ.
ഷെറിനു മാനസിക വളര്‍ച്ച കുറവായിരുന്നു. എന്നാല്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്ന് അറിയാതെയാണ് ഷെറിനെ ദത്തെടുത്തതെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ച തകരാറിലായ നിലയിലാണു കുട്ടിയെ ദത്തെടുത്തതെന്നും അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിപ്പിക്കുന്ന പതിവുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു.
കുട്ടിയെ പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും രാവിലെ എട്ടു മണിയോടെയാണു പൊലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണം പൊലീസിന് ലഭിച്ചിട്ടില്ല.വീട്ടില്‍ നിന്നു 100 അടി മാത്രം അകലെയാണു കുട്ടിയെ നിര്ത്തിയിരുന്നതത്രേ. ഇവരുടെ വീടിനടുത്ത് കൊയൊട്ടി എന്നയിനം ചെന്നായയെ കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊടു പറഞ്ഞു. എന്നാല്‍ കൊയോട്ടി മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
കുട്ടിയെ കാണാതായ വീട്ടിലും പരിസരത്തും കോടതിയില്‍ നിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അതിസൂക്ഷ്മമായ തിരച്ചില്‍ ആരംഭിച്ചു.
കൊയോട്ടി കുട്ടിയെ വലിച്ചു കൊണ്ടു പോയതിന്റെ തെളിവൊന്നും കിട്ടിയില്ല.കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായും സൂചനയില്ലെന്നു പൊലീസ് പറയുന്നു. വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്ടോപ്പ് എന്നിവ കസ്റ്റഡിയിലെടുത്തു.