ന്യൂഡല്‍ഹി:പിഎം നരേന്ദ്രമോദി എന്ന ചിത്രം പൂര്‍ണ്ണമായും കണ്ടതിനു ശേഷം പ്രദര്‍ശനാനുമതി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി.ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇത്തരവ്.തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടാവുന്ന തരത്തിലുള്ള പരാമര്‍ശങ്ങളോ ദൃശ്യങ്ങളോ ചിത്രത്തില്‍ ഉണ്ടോയെന്ന് പരിശോധിച്ചശേഷം ഏപ്രില്‍ 22 മുന്‍പ് ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു കാണിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പു കഴിയും വരെ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്.ഈ മാസം പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.