തൃശൂര്‍: തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ട് സോളാര്‍ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസെടുത്ത് തളര്‍ത്താമെന്ന് വ്യാമോഹിക്കരുത്. നൂറിരട്ടി ശക്തിയോടെ തിരിച്ച് വരുമെന്ന് അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്താക്കാതെ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
സോളാര്‍ കേസ്സ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി സഭാ യോഗശേഷം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാഞ്ഞാളില്‍ കുടുംബ സംഗമത്തിനെത്തിയതായിരുന്നു മുന്‍ മുഖ്യമന്ത്രി
പ്രതിപക്ഷം ആരോപിക്കാത്തതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കമ്മീഷന് സിറ്റിംഗില്‍ ചോദിച്ച എല്ലാത്തിനും മറുപടി നല്‍കിയിട്ടുണ്ട്. സ്വതന്ത്രരായ സാക്ഷികളാരും തന്നെ റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തല്‍പ്പര പാര്‍ട്ടികള്‍ മാത്രമാണ്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ കമ്മീഷന് വിളിപ്പിച്ചിരുന്നു. മാധ്യമങ്ങളിലും നിയമസഭയിലും ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. അതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കണം.
ടേംസ് ഓഫ് റഫറന്‍സുമായി ബന്ധപ്പെട്ട കമ്മീഷന്റെ നിഗമനങ്ങള്‍ വ്യക്തമാക്കണം. ടി.കെ ഹംസ കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് തനിക്കും ബന്ധപ്പെട്ടവര്‍ക്കും എതിരാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സരിതയുടെ കൃതിമ കത്തിലൂടെ തന്നെ അപമാനിച്ചതിന് നേരത്തെ തന്നെ കേസ് കൊടുത്തിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ അനുവദിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം തനിക്കാണെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.