തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ച കെ.പി.എം.ജി.കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡച്ചു സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കുന്നത് പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല മന്ത്രി ഇ.പി.ജയരാജന് നല്‍കിയ കത്തില്‍ പറയുന്നു.
കെ.പിഎം.ജി എന്ന സ്ഥാപനം നടത്തിയ ക്രമക്കേടുകളെക്കുറിച്ച് ഗുരുതരമായ പല ആരോപണങ്ങളും പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോര്‍ട്ടില്‍ പ്രസ്തുത കമ്പനി അമേരിക്ക,ബ്രിട്ടന്‍,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്നതായി ആരോപിച്ചിട്ടുണ്ട്.ബ്രിട്ടനിലെ ഒരു പൊതുമേഖലാ കോണ്‍ട്രാക്ടറുടെ അക്കൗണ്ടുകള്‍ക്ക് ഓഡിറ്റിങ് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടും,ടെഡ് ബേക്കര്‍ എന്ന വസ്ത്ര-റീട്ടെയില്‍ സ്ഥാപനത്തില്‍ നടന്ന ഓഡിറ്റ് ക്രമക്കേടുകളെത്തുടര്‍ന്നും നിരവധി ഗുരുതര വിമര്‍ശനങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ഈ കമ്പനി ബ്രിട്ടനില്‍ നടപടി നേരിടുന്നതായി വാര്‍ത്തകളുണ്ട്.
സൗത്ത് ആഫ്രിക്കയിലുള്ള ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിങ് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നതിന്റെ പേരിലും കമ്പനി ആരോപണം നേരിടുന്നു. കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെപിഎംജി എല്‍എല്‍പി നികുതിവെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ടതായും, തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്നും ഒഴിവായതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎഇയിലെ അബ്രാജ് എന്ന സ്വകാര്യ ഇക്വറ്റി സ്ഥാപനത്തിന്റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഈ സ്ഥാപനം അന്വേഷണം നേരിടുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ കമ്പനി നേരിടുന്ന സ്ഥിതിക്ക് അതിന്റെയൊക്കെ നിജസ്ഥിതി പരിശോധിക്കാതെ,പതിനായിരക്കണക്കിന് കോടി രൂപ വിനിയോഗിച്ച്,അതും അത്യന്തം സൂക്ഷ്മതയോടെയും,സുതാര്യമായും നിര്‍വ്വഹിക്കേണ്ട കേരളത്തിന്റെ പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഈ കണ്‍സള്‍ട്ടന്‍സിയെ ഏല്പിക്കണമെന്നുള്ളത് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.