തിരുവനന്തപുരം:കേരളത്തിന്റെ വികസന നേട്ടങ്ങള്‍ കേന്ദ്രസഹായത്തിന് തടസ്സമാകുന്നതായി ഗവര്‍ണര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു.കേരളത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ സഹായം നിഷേധിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് കേന്ദ്രത്തിന് വിമര്‍ശനം.
നൂറ്റാണ്ടിലെ മഹാപ്രളയമാണ് കേരളം നേരിട്ടതെന്നും പ്രളയം നേരിടാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കും സഹായവുമായി എത്തിയ കേരള ജനതയ്ക്കും കൂട്ടായ്മകള്‍ക്കും വിദേശ മലയാളികള്‍ക്കും,സാലറി ചലഞ്ച് ഏറ്റെടുത്തവര്‍ക്കും,പോലീസ്, നേവി,എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍എന്നിവര്‍ക്കും നന്ദി പറഞ്ഞാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.കേന്ദ്രസേനകളെ നിയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. സഹായം ആവശ്യമുള്ള എല്ലാവര്‍ക്കും അടിയന്തരധനസഹായം നല്‍കി. തകര്‍ന്നടിഞ്ഞ അടിസ്ഥാനസൗകര്യമേഖലയില്‍ അടിയന്തരഅറ്റകുറ്റപ്പണികള്‍ നടത്തി.
പുനര്‍നിര്‍മ്മാണം വെല്ലുവിളിയായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.പുതിയ നിര്‍മ്മാണങ്ങള്‍ ദുരന്ത അതീജിവന ശേഷിയുള്ളതാകും.പ്രളയത്തെ നേരിടാന്‍ കേരളം എല്ലാ സംവിധാനങ്ങളും നോക്കി. മികച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ബന്ധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.എന്നാല്‍ കേന്ദ്രം വേണ്ട സഹായം നല്‍കിയില്ല.പല മേഖലകളിലും സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹംപറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിക്കൊപ്പമാണ് സര്‍ക്കാര്‍. ശബരിമല വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.സര്‍ക്കാര്‍ മതേതരമാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ നവോത്ഥാന മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാന്‍ നിലപാടെടുക്കുന്നതെന്നും വനിതാ മതില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. നവോത്ഥാനസംഘടനകളുടെ സഹായത്തോടെ സംഘടിപ്പിച്ച വനിതാമതില്‍ വന്‍ വിജയമായിരുന്നു.മുപ്പത് ലക്ഷം സ്ത്രീകള്‍ വനിതാമതിലില്‍ അണിനിരന്നു. ചരിത്രനേട്ടമായിരുന്നു ഇത്. നവോത്ഥാനമൂല്യങ്ങള്‍ വരുംതലമുറയ്ക്കും മനസ്സിലാക്കാന്‍ ഒരു നവോത്ഥാനമ്യൂസിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.
വികസനം ഇപ്പോഴും സര്‍ക്കാരിന്റെ മുഖമുദ്രയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.41,000 കോടി രൂപയാണ് കേരളത്തിലെ അടിസ്ഥാനസൗകര്യവികസനത്തിന് മാറ്റിവച്ചിരിക്കുന്നത്. കൊല്ലം ബൈപ്പാസ്, കൊച്ചി ഇടമണ്‍ ഇലക്ട്രിക് ലൈന്‍,ജലപാതകളുടെ ഉദ്ഘാടനം എന്നിവ സര്‍ക്കാരിന്റെ നേട്ടമാണ്.കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും എടുത്തുപറയേണ്ടതാണ്.മലബാര്‍ മേഖലയിലെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായകമായിട്ടുണ്ട്. ശബരിമലയില്‍ വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി.അഴീക്കല്‍ തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ പ്രത്യേക ഏജന്‍സിയുണ്ട്.കെഎസ്ആര്‍ടിസിയില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാലങ്ങള്‍ക്ക് ശേഷം ജീവനക്കാര്‍ക്ക് ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ മികച്ച പുരോഗതി നേടിയിട്ടുണ്ട്.കേരളത്തിന്റെ മാത്രം നേട്ടങ്ങളാണത്. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് സഹായം നിഷേധിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൃത്യമായ ഫണ്ടുകളോ പദ്ധതികളോ നല്‍കുന്നില്ല. നേട്ടങ്ങള്‍ കൂടുതലുണ്ട് ഫണ്ട് നഷ്ടപ്പെടാന്‍ കാരണമാകരുത്. കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം നല്‍കണം – ഗവര്‍ണര്‍ പറഞ്ഞു.