ബാങ്കോക്ക്:ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമേറ്റുവാങ്ങി ഗുഹയില്‍നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിവന്ന തായ്‌ലന്‍ഡിലെ കുട്ടികള്‍ ചികില്‍സകള്‍ പൂര്‍ത്തിയാക്കി ആശുപത്രിവിട്ടു.12 കുട്ടികളും പരിശീലകനും മാധ്യമങ്ങളെ കണ്ടശേഷമാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത്.കറുപ്പും വെളുപ്പും നിറത്തിലുള്ള ഫുട്ബോളുകള്‍ കൈയില്‍ പിടിച്ച് ആശുപത്രിയില്‍നിന്നും ഇറങ്ങിവന്ന കുട്ടികള്‍ ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുത്തതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രി വിട്ടശേഷം ഇവരെ നേരില്‍ കാണാനായി വന്‍ മാധ്യമ സംഘംതന്നെ എത്തിയിരുന്നു.ഇവര്‍ക്കൊപ്പം രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ തായ് നാവികസേനയിലെ അഞ്ചുപേരും ഉണ്ടായിരുന്നു.മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ 45 മിനിറ്റാണ് മാധ്യമങ്ങള്‍ക്ക് തായ് സര്‍ക്കാര്‍ അനുവദിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിച്ച് സന്തോഷം പ്രകടിപ്പിച്ചു.
‘അത്ഭുതമായി തോന്നുന്നു,ഗുഹയില്‍ കുടുങ്ങിയ സമയത്ത് വെള്ളം മാത്രമാണ് കുടിച്ചത്.ശുദ്ധമായ വെള്ളമായിരുന്നു അവിടെയുണ്ടായിരുന്നത്,അവിടെ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ സ്വയം ശ്രമം നടത്തിയിരുന്നു’കുട്ടികള്‍ മാധ്യമങ്ങളോടു പറഞ്ഞു.രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച തായ് നാവിക സേനാംഗത്തിന്റെ ഫോട്ടോ ഉയര്‍ത്തി കുട്ടികള്‍ അനുശോചനം രേഖപ്പെടുത്തി.
ജൂണ്‍ 23-നാണ് തയ്ലാന്‍ഡിലെ ‘വൈല്‍ഡ് ബോര്‍സ്’ എന്ന ഫുട്ബോള്‍ ടീമിലെ 12 കുട്ടികളും അവരുടെ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്.ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.