തിരുവനന്തപുരം:അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തവിധം സമാനതകളില്ലാത്ത മഴക്കെടുതിയില്‍ സംസ്ഥാനമൊട്ടാകെ വിറങ്ങലിച്ചുനില്‍ക്കുകയാണ്.കഴിഞ്ഞ രാത്രിയുണ്ടായ അതിശക്തമായ മഴയില്‍ 16 പേരാണ് മരിച്ചത്. ഇടുക്കിയില്‍ മാത്രം 10 പേര് മരിച്ചു.3 പേരെ കാണാതായിട്ടുണ്ട്.മലപ്പുറത്ത് അഞ്ചു പേരും മരിച്ചു.കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശമാണുണ്ടായത്.മഴദുരിതം വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു.അടിമാലി- മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന് കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.പുലര്‍ച്ചെ രണ്ട് മണിയോടെയയിരുന്നു അപകടം.ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്.ഹസ്സന് കോയയുടെ ഭാര്യ ഫാത്തിമ,മകന് മുജീബ്,ഭാര്യ ഷമീന,മക്കളായ ദിയാ ഫാത്തിമ,ദിയാ സന എന്നിവരാണ് മരിച്ചത്.ഹസന് കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു.കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേരും മരിച്ചു.
ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ പുലര്‍ച്ചെയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് മരിച്ചു.കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു.ഒരാളെ കാണാതായി.ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു.ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കാളിക്കാവ്,നിലമ്പൂര്‍,കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്.നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് കാറടക്കം ഒരാളെ കാണാതായി.കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷാണ് കാറോടിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ടത്.പുഴ 15 മീറ്റര്‍ മാറി ഒഴുകുകയും മലവള്ളെപ്പാച്ചില്‍ ഉണ്ടാവുകയുമായിരുന്നു. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടി പോലീസ് സ്റ്റേഷന് ഭാഗികമായി തകര്‍ന്നു.വൈത്തരിയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ലില്ലി എന്ന സ്ത്രീ മരിച്ചു.ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.ഇവിടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടനിലയിലാണ്.പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാനാവാത്ത സ്ഥിതിയാണ്.
അതേസമയം താമരശേരി ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്.പ്രധാനപാതകളിലെല്ലാം ഗതാതം തടസ്സപ്പെട്ടു.