വയനാട്:തോരാതെ പെയ്യുന്ന പെരുമഴയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചത് 28 പേര്.മഴക്കെടുതിയില്‍ ഇതുവരെ 43 പേരുടെ ജീവന് പൊലിഞ്ഞു. വയനാട്ടിലെ പുത്തു മലയും മലപ്പുറത്തെ കവളപ്പാറയിലും ഉരുള്‍പൊട്ടി ജനവാസമേഖലയൊന്നാകെ അപ്രത്യക്ഷമായി. പുത്തു മലയില്‍ നിന്നും 9 മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവനോടെ ഒരാളെ കണ്ടെത്തി. ഗുരുതര പരുക്കേറ്റ ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാദൗത്യം ദുഷ്കരമാണ്.പുത്തുമലയില്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങളും അമ്പലവും പള്ളിയുമടക്കമാണ് ഒലിച്ചുപോയത്.
മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഇന്നലെ രാത്രിയില്‍ ഉരുള്‍പൊട്ടലുണ്ടായത് പുറംലോകമറിഞ്ഞത് ഇന്നു മാത്രം.ഇവിടെ ജനവാസമേഖലയൊന്നാകെ ഒലിച്ചുപോയി.പ്രദേശത്തേക്ക് ആര്‍ക്കും എത്തിപ്പെടാനാവാത്ത് വിധം റോഡുകള്‍ തകര്‍ന്നതും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.ദുരന്തപ്രതിരോധസേന എത്തി രക്ഷാദൗത്യം തുടങ്ങി.ഇവിടെ മണ്ണിനടിയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.നാല്‍പ്പതിലധികം പേര് മണ്ണിനടിയിലുണ്ടെന്നാണ് സംശയം.നാളെ രക്ഷാ ദൗത്യം തുടരും.
ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും അഭ്യര്‍ഥനയും മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അപകട സാധ്യതകണ്ട് മാറാന്‍ അഭ്യര്‍ഥിച്ച ചില ആളുകള്‍ ഒന്നും സംഭവിക്കില്ല എന്ന ധാരണയില്‍ മാറാതിരിക്കുന്നു.സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.15748 കുടുംബങ്ങളിലെ 64,013 പേര് ക്യാമ്പുകളിലുണ്ട്.101 വീടുകള്‍ പൂര്‍ണമായും 1383 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
അടിയന്തര ദുരിതാശ്വാസത്തിന് ഇരുപത്തിരണ്ട് കോടി അമ്പതു ലക്ഷം രൂപ ജില്ലകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.