തിരുവനന്തപുരം:തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ പോലീസിലെ തന്നെ ഇടത് അനുകൂലികള്‍ കള്ളവോട്ടാക്കുന്നുവെന്ന് ആരോപണം. കാസര്‍കോഡ് ഉള്‍പ്പെടെ കള്ളവോട്ടാരോപണത്തില്‍ ഇടതുപക്ഷം പ്രതിരോധത്തിലായിരിക്കെയാണ് പുതിയ ആരോപണം.
പോലീസ് അസോസിയേഷന് നേതാക്കള്‍ ഇടപെട്ട് പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ടാക്കുന്നുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നടന്നതെന്നു കരുതുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
സ്ഥലംമാറ്റുമെന്നും മറ്റും ഭീഷണിപ്പെടുത്തിയാണ് പോലീസുകാരുടെ ബാലറ്റുകള്‍ അസോസിയേഷന് നേതാക്കള്‍ നിര്‍ദ്ദേശിക്കുന്ന വിലാസത്തിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടുന്നത്.സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളില്‍ അയയ്ക്കുകയാണ് പരിപാടി.അതേ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.ആര് ബിജു പറഞ്ഞു.
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോപണം ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ബഹ്റ അറിയിച്ചു.