ബെംഗളൂരു: 2019ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കുന്നപക്ഷം ബിജെപി പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിജയിക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളെയും നേതാക്കളെയും ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. പ്രതിപക്ഷ കക്ഷികളുടെ സഖ്യം ഒരു പ്രത്യേക ഘട്ടമെത്തിയാല്‍ പിന്നെ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട. എസ്പിയും ബിഎസ്പിയും ബിജെപിക്ക് എതിരായി നിലയുറപ്പിച്ചാല്‍ വാരണാസി സീറ്റു പോലും മോദിക്ക് നഷ്ടപ്പെടും- രാഹുല്‍ പറഞ്ഞു.

പ്രാദേശികവും വ്യക്തിപരവുമായ വ്യത്യസ്താഭിപ്രായങ്ങള്‍ മാറ്റിവച്ച് വ്യത്യസ്ത കക്ഷികളുടെ സഖ്യമുണ്ടാക്കാനായാല്‍ ഇപ്പോഴത്തെ ഭരണം നിലംപൊത്തുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളിലൊന്നും കാണാത്ത ഒരു രാഷ്ട്രീയനീക്കമായിരിക്കും ഇനി ഉണ്ടാവാന്‍ പോകുന്നതെന്നു രാഹുല്‍ വ്യക്തമാക്കി. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങിയ വ്യത്യസ്ത കക്ഷികള്‍ ബിജിപിക്ക് എതിരായ നിലപാട് സ്വീകരിച്ചാല്‍ ബിജെപിക്ക് എവിടെയാണ് സീറ്റ് നേടാനാവുകയെന്ന് ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നിവടങ്ങളിലും ഇത്തരം സഖ്യങ്ങള്‍ സാധ്യമാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ‘ജനാശിര്‍വാദ യാത്ര’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ ജനജീവിതത്തിനു ഹാനികരമായി പ്രവര്‍ത്തിക്കുന്നവരോ അല്ല കോണ്‍ഗ്രസുകാര്‍. മോദിയും ആര്‍എസ്എസും ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്ന താറുമാറായ അവസ്ഥയില്‍നിന്ന് രാജ്യത്തെ എങ്ങനെ കരകയറ്റാം എന്നതാണ് മുന്നിലുള്ള സുപ്രധാനമായ പ്രശ്നമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതിനിടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും കേന്ദ്ര തിരഞ്ഞെടുപ്പിലും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നയം തുടരുമെന്ന് ശിവസേന വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായ് പറഞ്ഞു.

ഇതുവരെ ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നു പറഞ്ഞിരുന്ന ബിജെപി ഇപ്പോഴാണ് സംഖ്യകക്ഷികളെക്കുറിച്ച് ആലോചിക്കുന്നത്. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ അവരുടെ സംസാരത്തിന്റെ രീതി തന്നെ ആകെ മാറിയിരിക്കുന്നു. ഇപ്പോള്‍ എന്‍ഡിഎയെപ്പറ്റിയൊക്കെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു-സുഭാഷ് ദേശായ് പരിഹസിച്ചു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചെടുക്കുമെന്നും ദേശായ് വ്യക്തമാക്കി.