അഗര്‍ത്തല:പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ തിപുരയിലെ മന്ത്രി സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ച് അപമാനിച്ചു.ത്രിപുരയിലെ കായിക മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രിയായ സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്.ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി ത്രിപുരയില്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷത്തുനിന്നടക്കം പ്രതിഷേധം ശക്തമാവുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വേദിയില്‍ നില്‍ക്കുമ്പോള്‍ മനോജ് കാന്തി ദേബ് പിന്നില്‍നിന്ന് ബോധപൂര്‍വം വനിതാ മന്ത്രിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു.വനിതാമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ച് ചെറുത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാവും.
ഇത്തരം മോശം പെരുമാറ്റം നടത്തിയ മനോജ് കാന്തി ദേബിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു.