വയനാട്:സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരിച്ചത് 15 പേര്‍.വന്‍ ഉരുള്‍പൊട്ടലുണ്ടായി ഒലിച്ചുപോയ മേപ്പാടി പുത്തുമലയില്‍ നിന്നും 3 മൃതദേഹങ്ങള്‍ കണ്ടെുത്തു.ഇവിടെനിന്നും മുപ്പതിലധികം പേരെ കാണാതായതായാണ് വിവരം.ഹാരിസണ്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളും പള്ളിയും അമ്പലവും അടക്കം ഒരു പ്രദേശം മൊത്തം ഇല്ലാതായി.അപകടത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ പോലും ഇതുവരെ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍. സൈന്യവും ദുരന്‌ര നിവാരണസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഇവിടെ ലയങ്ങളില്‍ എത്രപേരുണ്ടെന്നു കൃത്യമായ കണക്കുകളില്ല. പുറത്തുനിന്നും വന്നവരും അപകടത്തില്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.

കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ടു പേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. സിറാജുല്‍ ഹുദ മാനെജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്. പാലാ അടുക്കത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു.പാലാ നഗരം വെള്ളത്തില്‍ മുങ്ങി.ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ചാലക്കുടിപുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുളള സാഹചര്യമാണ് നില നില്‍ക്കുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ല കളക്ടര്‍ അറിയിച്ചു. പുഴയ്ക്ക് സമീപമുള്ളവര്‍ക്ക് മാറി താമസിക്കാനുള്ള നിര്‍ദ്ദേശവും നല്‍കി.
പറമ്പിക്കുളത്തു നിന്നും ആളിയാറിലേക്ക് വെള്ളം തുറന്നുവിടുന്ന കനാലില്‍ തടസ്സമുണ്ടായതിനാല്‍ ചാലക്കുടിപ്പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുള്ള സാഹചര്യമാണുള്ളത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്ത് മണിയൂര്‍,വേളം,കുറ്റ്യാടി,കായക്കൊടി,ചക്കിട്ടപ്പാറ, ചങ്ങരോത്ത്,കൂത്താളി, പേരാമ്പ്ര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. റോസ് ഗാര്‍ഡന്‍, രാമനാഥപുരം, ശേഖരിപുരം റോഡുകളില്‍ വെള്ളം കയറുന്നു.കാഞ്ഞിരപ്പുഴ,മംഗലം ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി.ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.