തിരുവനന്തപുരം:മഹാപ്രളയം മനുഷ്യ നിര്‍മ്മിതമെന്ന തന്റെ മുന്‍ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രളയ കേരളത്തിന്റെ പുന:സൃഷ്ടിയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയം ഉണ്ടായിട്ട് നൂറ് ദിവസമായി.ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച 10000 രൂപ ഇപ്പോഴും കിട്ടായത്തവരുണ്ടെന്നും സിപിഎം അല്ലാത്തവര്‍ക്ക് പണം കിട്ടുന്നില്ലെന്ന പരാതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി നല്‍കിയത് നടപ്പാകാത്ത പതിരായ വാഗ്ദാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതി നേരിട്ട കച്ചവടക്കാര്‍ക്കും ഇതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല.പുനഃസൃഷ്ടിയെ കുറിച്ചുള്ള രൂപരേഖ പോലും ആയിട്ടില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സാലറി ചലഞ്ച് സര്‍ക്കാര്‍ കുളമാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് കേരള പുനര്‍നിര്‍മ്മാണത്തിന് ഉപദേശക ഏജന്‍സിയായ കെപിഎംജിയെ ഏല്‍പ്പിക്കണം എന്നത് മുഖ്യമന്ത്രിയുടെ വാശിയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വലിയ അനീതിയാണ് കാട്ടുമ്പോഴും പ്രതികരിക്കാതെ പ്രധാനമന്ത്രിയെ വെള്ളപൂശാനാണ് പിണറായി ശ്രമിക്കുന്നത്.കേന്ദ്രസഹായം തേടി ഗവര്‍ണറേ സമീപിക്കും. ശബരിമല വിഷയത്തില്‍ ബിജെപിക്ക് വളരാന്‍ അവസരം നല്‍കുന്നത് പിണറായിയാണെന്നും ചെന്നിത്തല പറഞ്ഞു.