കോഴിക്കോട്:ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ ഒരു നാട് മുഴുവന്‍ പകച്ചു നില്‍ക്കുകയാണ്.കനത്ത മഴയില്‍ ബുധനാഴ്ച മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി 6 പേരാണ് മരിച്ചത്.മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ്‌വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 48 ആയി.ആലപ്പുഴയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്നുപേരെ കാണാതായി.
സംസ്ഥാനത്തൊട്ടാകെ 33 അണക്കെട്ടുകള്‍ തുറന്നു.പമ്പാനദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ശബരിമല മൊത്തം മുങ്ങി പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്.നടപ്പന്തല്‍ വരെ വെള്ളം കയറി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് 13 സ്പില്‍വേ ഷട്ടറുകളും തുറന്നു വിട്ടു.7500 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുക്കി വിടുന്നത്.ഇതേത്തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നിരിക്കുകയാണ്.പെരിയാറില്‍ ജലനിരപ്പുണ്ടായതിനെത്തുടര്‍ന്ന് ആലുവയിലും വെള്ളപ്പൊക്കമുണ്ടായി.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം താത്ക്കാലികമായി അടച്ചു. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി.പെരിയാര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മൂന്നാറില്‍ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തിയ നിലയിലാണ്.
തിരുവനന്തപുരത്ത് മഴക്കെടുതി ഇതുവരെ സാരമായി ബാധിച്ചിരുന്നില്ല.എന്നാല്‍ ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വര്‍ക്കല,പൊന്‍മുടി എന്നിവിടങ്ങളില്‍ വെള്ളം കയറി.കരമന കള്ളിയാറിന്റെ തീരത്തെ വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ അരുവിക്കര,പേപ്പാറ അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി.പൊന്‍മുടി അതിരപ്പള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളും തുറന്നു വിട്ടു. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താമരശ്ശേരി ചുരത്തില്‍ എട്ടാംവളവിനും ഒന്‍പതാം വളവിനും ഇടയില്‍ വീണ്ടും മണ്ണിടിഞ്ഞു.വയനാട് ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമുണ്ടായി.കണ്ണൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കൊട്ടിയൂരില്‍ രാവിലെ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പുതിയതായി ക്യാമ്പുകള്‍ തുറക്കാനും ആലോചനയുണ്ട്.
മലപ്പുറം ജില്ലയില്‍ വ്യാപകനാശനഷ്ടമുണ്ടായി.നിലമ്പൂര്‍ മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി.കൃഷിക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.