തൃക്കരിപ്പൂര്‍:തന്റെ പ്രസംഗത്തിലെ ചില പ്രയോഗങ്ങള്‍ കടന്നുപോയെന്നും അത് പ്രസ്ഥാനത്തിനുണ്ടാക്കിയ ബുദ്ധിമുട്ടും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്കുണ്ടാക്കിയ വേദനയും മനസ്സിലാക്കുന്നുവെന്നും സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ.പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിഷയം വലിയ വിവാദമാവുകയും മുസ്തഫയ്ക്കെതിരെ കേസെടുക്കണമെന്നാമശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എസ്പിക്ക് പരാതി നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് മുസ്തഫയുടെ ഖേദപ്രകടനം. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് കൊലവിളി പ്രസംഗമായി അതിനെ വ്യാഖ്യാനിച്ചതെന്നും മുസ്തഫ തൃക്കരിപ്പൂരില്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ തള്ളിപ്പറയുകയും പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെ മുസ്തഫയുടെ പ്രസംഗം വ്യാപകമായി പ്രചരിക്കപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പീതാംബരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു പിന്നാലെ ജനുവരി ഏഴിന് കല്യാട്ടെ പാര്‍ട്ടി യോഗത്തിലാണ് മുസ്തഫ കൊലവിളി പ്രസംഗം നടത്തിയത്.’സഖാക്കളായ പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്നു. പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു.ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും.ഒരു കോണ്‍ഗ്രസുകാരനും ചിതയില്‍ വെക്കാന്‍ പെറുക്കിയെടുക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും.’ഇതായിരുന്നു മുസ്തഫയുടെ പ്രകോപനപരമായ പ്രസംഗം.