ബാങ്കോക്ക്:ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും ഒരു ഗുഹാമുഖത്തേക്ക് കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ടാഴ്ചയോളമായി തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളില്‍ നാലുപേരെ രക്ഷപ്പെടുത്തിയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഗുഹയ്ക്കുളളിലെ വെള്ളം നേരിയ തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഗുഹക്കുള്ളില്‍ കടക്കാനായത്.രാവിലെ 10 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്നും 13 മുങ്ങല്‍വിദഗ്ധരും തായ്ലാന്ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.
സൈന്യം ഒഴികെ മറ്റുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.മെഡിക്കല്‍ സംഘത്തെയും ഡൈവിങ്ങ് സംഘത്തെയും അവശ്യജീവനക്കാരെയും മാത്രമേ ഗുഹാപരിസരത്തേക്ക് കടത്തിവിടുന്നുള്ളു.പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുമുണ്ട്.13 പേരെയും പുറത്തെത്തിക്കുന്നതിന് രണ്ട്-മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്.
ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘം ഗുഹയില്‍ അകപ്പെട്ടത്.പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ മഴയില്‍നിന്ന് രക്ഷപ്പെടാനാണ് ഗുഹയ്ക്കുള്ളില്‍ കയറിയത്.എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു.