സോന്‍ഭദ്ര:ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിയേറ്റു മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രയങ്കാഗാന്ധി ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.പോലീസ് നടപടിക്കെതിരെ ചുനര്‍ ഗസ്റ്റ് ഹൗസില്‍ പ്രതിഷേധ ധര്‍ണ നടത്തുന്ന പ്രിയങ്ക ഗാന്ധിയെ കാണാന്‍ വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ എത്തി.എന്നാല്‍ കൂടുതല്‍ പേരെ കാണാന്‍ അനുവദിക്കാതെ പോലീസ് തടഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നും എന്തിനാണ് തടഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.മടങ്ങിപ്പോകണമെന്ന് കളക്ടറുടെ നിര്‍ദേശം പ്രിയങ്ക തള്ളിക്കളഞ്ഞു.തന്റെ മകന്റെ പ്രായമുള്ള ഒരു കുട്ടിയും സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുണ്ടെന്നും പ്രിയങ്ക പറയുന്നു. ഇന്നലെ രാത്രി ചുനര്‍ ഗസ്റ്റ് ഹൗസിലെ വൈദ്യുതി ബന്ധം അധികൃതര്‍ വിഛേദിച്ചിരുന്നു.ഇത് പ്രിയങ്കയെ ഒഴിവാക്കാന്‍ മനപൂര്‍വം ചെയ്തതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രിയങ്കയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രകടനങ്ങളും മറ്റും നടത്തും.