മൂന്നാര്‍:കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന്
മൂന്നാര്‍ പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി.19 വിദേശികളടക്കം 69 പേരെയാണ് പുറത്തെത്തിച്ചത്.ദുരന്തനിവാരണ സേനയുള്‍പ്പെടെയുള്ളവര്‍ സഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്.അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വിദേശികളാണ് റിസോര്‍ട്ടില്‍ കുടുങ്ങിയത്.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അവിടേക്കുള്ള വഴിയടയുകയും ഇവര്‍ റിസോര്‍ട്ടില്‍ കുടുങ്ങുകയുമായിരുന്നു.തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ഇവര്‍ സന്ദേശമയച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്ത് വിലക്കുകള്‍ ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.എന്നാല്‍ കോടതി ഉത്തരവിന്റെ ബലത്തിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഈ റിസോര്‍ട്ടിനെതിരെ നടപടിയെടുത്തതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ഇതുപോലുള്ളവരാണ് വിനോദ സഞ്ചാര മേഖലയ്ക്കാകെ ശാപമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കം സൗജന്യമായി നല്കാന് മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇടുക്കിയില്‍ ഉള്ള സഞ്ചാരികളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റാനും മന്ത്രി നിര്‍ദ്ദേശം നല്കി.