നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെയാണ് പൗരത്വ നിയമ ഭേദഗതി എന്ന കരിനിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തത്. മതേതരത്വത്തിന്റെ പ്രസക്തി മനസിലാക്കാന്‍ കഴിയാത്ത വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഭാരതത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ ശില്‍പ്പികള്‍ ഉറപ്പ് നല്കിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്രമോദിയെന്ന തീവ്രഹിന്ദു ഫാസിസ്റ്റ് തകര്‍ത്തിരിക്കുന്നു. മതേതരത്വത്തിന്റെ തകര്‍ച്ച ഇന്ത്യയുടെ തകര്‍ച്ചതന്നെയാണ്. മുസ്ലീം ജനവിഭാഗം ആശങ്കയിലാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമെന്ന ആശയത്തെ പരിപൂര്‍ണ്ണമായി തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു.ന്യൂനപക്ഷവിഭാഗങ്ങളെ നരേന്ദ്ര മോദിയും കൂട്ടരും ശത്രുവായി കാണുന്നു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ് ഇന്ത്യയുടെ മഹത്തായ പൈതൃകത്തേയും പാരമ്പര്യത്തേയും മോദി ബലികഴിക്കുന്നത്. മതന്യൂനപക്ഷങ്ങളെ വോട്ടയാടുകയാണ് മോദിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ലക്ഷ്യം. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം വിഭാഗങ്ങളെ ദ്രോഹിക്കുന്ന മോദി മറ്റൊരു കരിനിയമത്തിലൂടെ രാജ്യത്തെ ക്രൈസ്തവരേയും ദ്രോഹിച്ചെന്നു വരാം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെ ത്തിയപ്പോള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ കൂട്ടത്തോടെ ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടത് നാം കണ്ടതാണ്. വിവേചനത്തിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് പരാജയപ്പെടുത്തും. മതമൈത്രിക്കുവേണ്ടി ജീവന് കൊടുത്ത ഗാന്ധിജിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പൗരത്വ നിയമ ഭേഗഗതി ബില്ലിനെതിരെ ഡിസംബര്‍ 21ന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. മതേതര ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ ശക്തമായി ഈ കരിനിയമ ത്തിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിക്കാനാവില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനകള്‍ അതില്‍ നിന്ന് പിന്മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.