ന്യൂഡല്‍ഹി: ഭീകരരില്‍ നിന്നും മോചിതനായി വത്തിക്കാനിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 7.2ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
രാവിലെ ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കാണുകയാണ്.
തുടര്‍ന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായി കൂടിക്കാഴ്ച. സിബിസിഐ സെന്ററില്‍ 4.30ന് മാധ്യമങ്ങളെ കാണും. 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി. രാത്രിയില്‍ ഓഖ്‌ല ഡോണ്‍ബോസ്‌കോ ഭവനിലെത്തി വിശ്രമിക്കും.
വെള്ളിയാഴ്ച ബംഗളൂരുലെത്തി കര്‍ദിനാള്‍മാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തിയ ശേഷം ശനിയാഴ്ച്ച കൊച്ചി വഴി പാലാ, രാമപുരത്തെ വീട്ടിലെത്തും. ഒക്ടോബര്‍ മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തും.