തിരുവനന്തപുരം:12 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിനെ മൊത്തം വിഴുങ്ങിയ തീയണച്ചു.നിര്‍മ്മാണ യൂണിറ്റും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു.മൊത്തം 500 കോടിയുടെ നാശനഷ്ടമുണ്ടായതായി ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതര്‍ അറിയിച്ചു.അതേസമയം, സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ഡി.ജി.പി എ.ഹേമചന്ദ്രന്‍ അറിയിച്ചു.അട്ടിമറി സാധ്യത അധികൃതര്‍ സംശയിച്ച സാഹചര്യത്തില്‍ പൊലീസും ഫയര്‍ ഫോഴ്‌സും അന്വേഷണം നടത്തും.                                                  ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് മണ്‍വിളയിലെ ഫാമിലി പ്‌ളാസ്റ്റിക്കില്‍ തീപിടിത്തമുണ്ടായത്.നാല് സൈറ്റുകളിലായി പടര്‍ന്നുകിടക്കുന്ന ഫാക്ടറിയിലെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്.കനത്തപുക ഉയരുന്നതുകണ്ട നാട്ടുകാരാണ് കമ്പനി ജീവനക്കാരെയും ഫയര്‍, പൊലീസ് വിഭാഗങ്ങളെയും അറിയിച്ചത്.

രണ്ടു ഷിഫ്റ്റുകളിലായി 450 ഓളം ജീവനക്കാര്‍ പണിയെടുക്കുന്ന സ്ഥാപനത്തില്‍ പകല്‍ഷിഫ്റ്റ് കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്.അപ്പോള്‍ അവിടെ രാത്രി ഷിഫ്റ്റിലെ 120 ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു.തീ പടര്‍ന്നയുടന്‍ ജീവനക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.അഞ്ച് നില കെട്ടിടം പൂര്‍ണ്ണമായും കത്തിയതുകൊണ്ട് ഏത് നിമിഷവും കെട്ടിടം നിലംപതിക്കാമെന്ന നിലയിലാണ്.
ബംഗാള്‍ സ്വദേശി ജയറാം രഘു(18)ഗിരീഷ് എന്നിവരെ കനത്ത പുക ശ്വസിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഫയര്‍ ഫോഴ്‌സും പൊലീസും കഠിന പരിശ്രമം നടത്തിയാണ് തീയണച്ചത്.തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും അപകടസ്ഥലത്തെത്തി.തീപിടിക്കാതെ അവശേഷിച്ച ഉല്‍പ്പന്നങ്ങള്‍ അവിടെനിന്നും മാറ്റിയത് അഗ്നിബാധയുടെ വ്യാപ്തി കുറച്ചു.സമീപപ്രദേശത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.