ഡല്‍ഹി: ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേര് നല്‍കി ആദരിച്ചു. തനിക്ക് ലഭിച്ച വലിയ ആദരവാണ് ഇതെന്ന് സെവാഗ് പ്രതികരിച്ചു. ഇതേ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 മല്‍സരത്തിന് മുന്നോടിയായാണ് പ്രധാന പ്രവേശന കവാടത്തിന് വീരേന്ദര്‍ സെവാഗ് ഗേറ്റ് എന്ന് പേരു നല്‍കിയത്.

ഗേറ്റില്‍ സെവാഗിന്റെ ചിത്രവും കരിയര്‍ സംബന്ധിച്ച വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഒപ്പം ലെജന്‍ഡ്സ് ആര്‍ ഫോറെവര്‍ എന്ന വാചകവും നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് കാണികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗേറ്റാണിത്. ദില്ലിയില്‍നിന്ന് ഇത്തരമൊരു ആദരം ആദ്യ ലഭിച്ചത് തനിക്കാണെന്നും, അത് നല്‍കിയ ദില്ലി ക്രിക്കറ്റ് അസോസിയേഷന് നന്ദിയുണ്ടെന്നും സെവാഗ് പറഞ്ഞു. ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് മാറ്റിമറിച്ചത് സെവാഗ് ആണെന്ന് ഡിഡിസിഎ ചീഫ് മദന്‍ലാല്‍ പറഞ്ഞു. സെവാഗ് വരുന്നതിന് മുമ്പ് ഇന്ത്യ ഒരുദിവസം 240-250 റണ്‍സ് വരെയാണ് സ്‌കോര്‍ ചെയ്തിരുന്നത്. എന്നാല്‍ സെവാഗ് വന്നതോടെ ഇത് 350-360 എന്ന നിലയിലേക്ക് മാറി. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ മാറ്റിമറിച്ചു. ഇന്ത്യ കൂടുതല്‍ മല്‍സരങ്ങള്‍ വിജയിക്കുന്നതിന് സെവാഗിന്റെ സാന്നിദ്ധ്യം നിര്‍ണായകമായെന്നും മദന്‍ലാല്‍ പറഞ്ഞു.