തിരുവനന്തപുരം:മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.2016ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യതയുള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നെന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറ്റസമ്മതമായി കാണേണ്ടി വരും.അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ആരോപണമാണ് മന്ത്രി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്),സി.എ, സി.എസ്, ഐ.സി.ഡബ്യു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്.എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി.ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപ്‌ളോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു.എന്‍ജിനീയറിംഗ് ബിരുദധാരിയായ ബന്ധുവിന് നിയമനം നല്‍കാനാണിതെന്നാണ് ആരോപണം.