തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ സഭ പ്രഷുബ്ധമായി.അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.നിയമസഭയില്‍ കെ മുരളീധരന് എംഎല്‍എയുടെ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്കവേ നിയമനവിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത്.
കെ ടി അദീബിന്റെ നിയമനത്തിന് സമാനമായ നിയമനം യുഡിഎഫിന്റെ കാലത്തും നടന്നിട്ടുണ്ട്.സര്‍ക്കാറിന് ബാധ്യതയില്ലാത്ത നിയമനമായിരുന്നു അദീബിന്റേത്.വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഈ വിഷയത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടന്നിട്ടില്ല.അനാവശ്യ വിവാദം ആവശ്യമില്ലെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
ജലീലിന്റെ ബന്ധുവായ അദീപിന് എല്ലാ ചട്ടങ്ങളും മറി കടന്നാണ് നിയമനം നല്‍കിയതെന്നാണ് കെ.മുരളിധരന്റെ ആരോപണം.
ബന്ധുനിയനം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് എംഡിക്കുള്ള യോഗ്യതയില്‍ മാറ്റം വരുത്തി. എംബിഎക്കാര്‍ക്ക് ഇത്ര ക്ഷാമമുള്ള നാടാണോ കേരളമെന്നും മുരളീധരന് ചോദിച്ചു.മന്ത്രി നടത്തിയ അഴിമതിക്ക് മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുന്നു.സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും മുരളീധരന് ആരോപിച്ചു.
തനിക്ക് നേരെയുള്ള ആരോപണങ്ങള്‍ക്ക് മന്ത്രി കെ ടി ജലീല്‍ മറുപടി പറയവേ പ്രതിപക്ഷം തടസപ്പെടുത്തി.ലീഗിന്റെ അഴിമതിക്കെതിരെയും പൊന്നാനിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് ബന്ധു നിയമനാരോപണമെന്നായിരുന്നു കെ ടി ജലീലിന്റെ വാദം.തെറ്റുചെയ്തെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നായിരുന്നു ജലീലിന്റെ വെല്ലുവിളി.
എന്നാല്‍ മന്ത്രി സഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ശബരിമല വിഷയം ചര്ച്ചചെയ്തുകൊണ്ടിരുന്നതിനാല് ഇന്നാണ് പ്രതിപക്ഷം ബന്ധുനിയമനം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.