തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സംഗീതലോകവും.ബാലഭാസ്‌കറിന്റെ നിരവധി സുഹൃത്തുക്കള്‍ ഇതിനോടകം വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു.തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനായ ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചും അവരുടെ കുഞ്ഞ് മരിച്ചതിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടും ആര്‍ജെ കിടിലം ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ആരുടേയും കണ്ണു നനയിക്കും.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-

കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍.കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവ വേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍.ആ സ്‌നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത്.വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു.ചേച്ചി അപകട നില തരണം ചെയ്തു.ബാലുച്ചേട്ടന്‍ സ്പൈനല്‍ കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്‍ജറിക്ക് കയറ്റിയിട്ടുണ്ട്.
മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട്.ബാലുച്ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടന്‍ വിളിച്ചിരുന്നു. -ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്.ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോര്‍ക്കുന്നു.നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ആകെ സങ്കടം, ആധി,
എത്രയും വേഗം ഭേദമാകട്ടെ