തിരുവനന്തപുരം:അകാലത്തില്‍ പൊലിഞ്ഞുപോയ സംഗീത വിസ്മയം ബാലഭാസ്‌കറിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കമുള്ള പ്രമുഖരുടെ ആദരാഞ്ജലി.മഞ്ജു വാര്യര്‍,വിധു പ്രതാപ്,ദിലീപ്,മഞ്ജരി തുടങ്ങിയവര്‍ ഏറെ വേദനയോടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.
ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല,ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല.ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം.കുറച്ചു നാളുകള്‍ മുമ്പ് ഉണ്ടായ ഓസ്‌ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്… ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല.ഒരിക്കലും പോകുകയുമില്ല…’ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെ’- ബാലഭാസ്‌കറിന്റെ സുഹൃത്തും ഗായകനുമായ വിധു പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു.ബാലഭാസ്‌കറിന് അപകടം നടന്നതു മുതല്‍ വിധു ആശുപത്രിയിലും മറ്റും ഉണ്ടായിരുന്നു.
‘വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന്…ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹാനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേര്‍പാട്, ആദരാഞ്ജലികള്‍’.ദിലീപിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് ബാലഭാസ്‌ക്കറിനെ അറിയാം. അദേഹത്തിന്റെ ആദ്യകാല വര്‍ക്കുകളില്‍ എല്ലാം തന്നെ ഞാന്‍ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മോക്ഷത്തില്‍ പാടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വര്‍ക്കുകളില്‍ ഏറ്റവും അധികം പാടിയ ഗായിക ഞാനായിരിക്കുമെന്ന്.ഗായിക മഞ്ജരി ഓര്‍ക്കുന്നു.
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവതിയായിരുന്നു.എനിക്ക് ക്ലാസിക്കല്‍ സംഗീതത്തില്‍ ഒട്ടേറെ അവസരങ്ങള്‍ തന്ന വ്യക്തിയാണ് ബാലഭാസ്‌ക്കര്‍.അദേഹത്തിന് സംഗീതത്തിനോടുള്ള ആത്മാര്‍ത്ഥത വളരെ വലുതാണ്.അത്രയ്ക്കും അനുഗ്രഹീത പ്രതിഭയായിരുന്നു അദ്ദേഹം.
ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും എനിക്ക് വളരെയധികം അടുപ്പമുള്ള വ്യക്തികളായിരുന്നു.ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്.വളരെ നേരത്തെയുള്ള അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്തും ദുഃഖിപ്പിക്കുന്നതാണ്.ഞങ്ങള്‍ കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരുമിച്ച് ഷോ ചെയ്തതാണ്.ഒരുമിച്ച് ഒരു പരിപാടിയൊക്കെ ചെയ്തിട്ട് ഇങ്ങനെ പെട്ടെന്ന് ഒരു വിയോഗത്തെ കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഷോക്കായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്തൊരു അവസ്ഥ.ആര്‍ക്കും ഇങ്ങനെ ഒരു അവസാനം വരരുത്.
ആ വയലിന്‍ ഈണങ്ങള്‍ മാത്രമാണ് മാറോടണയ്ക്കാനുള്ളതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
എനിക്ക് വാക്കുകളില്ല ബാലു.ഉറക്കമുണര്‍ന്നത് മുതല്‍ നിന്റെ മരണവാര്‍ത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ.വര്‍ഷങ്ങളായി ഞാന്‍ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീത നിശ മുംബൈയില്‍ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനില്‍ക്കുമെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ എനിക്ക് വയ്യ.
ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ നീയും പോകുമ്പോള്‍ ലക്ഷ്മിക്കായാണ് എന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍. ഈ ലോകത്തിലെ സകല ദൈവങ്ങളും അവര്‍ക്ക് ശക്തി പകരട്ടെ. പുത്തൂര്‍ നൃത്ത സംഗീതോത്സവ വേദിയില്‍ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങള്‍ക്കുള്ളില്‍ പൊഴിയാതെയുണ്ട്. നീ മീട്ടി നിര്‍ത്തിയ ആ വയലിന്‍ ഈണങ്ങള്‍ മാത്രമാണ് മാറോടണയ്ക്കാന്‍ ഉള്ളത്.