ന്യൂയോര്‍ക്ക്: ബിറ്റ്കോയിന്റെ വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍നിന്ന് റെക്കോര്‍ഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി.ഏകദേശം 6.44 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്കോയിനിന്റെ വ്യാപാരം നടന്നത്. മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും മൂല്യം തകര്‍ന്നേക്കാമെന്നാണ് നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്.
വ്യാപരതോതില് വന്‍ മുന്നേറ്റം നടത്തിയതോടെ കഴിഞ്ഞ ഒമ്പത് മാസമായി മൂല്യത്തില്‍ മികച്ച നേട്ടമാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനുണ്ടായത്.
ജനുവരി ഒന്നുമുതല്‍ കണക്കാക്കുകയാണെങ്കില്‍ പത്തിരട്ടി ഉയര്‍ച്ചയാണ് ഉണ്ടായത്. ജനുവരിയില്‍ 1000 ഡോളറായിരുന്നു മൂല്യം. നവംബറില്‍ മാത്രമുണ്ടായ നേട്ടം 3,550 ഡോളറാണ്. ഒരാഴ്ചമുമ്പാകട്ടെ 6000 ഡോളറുമായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. ചരിത്രത്തില്‍ ഇതാദ്യമായി ക്രിപ്റ്റൊകറന്‍സിയുടെ മൊത്തം വിപണിമൂല്യം 300 ബില്യണ്‍ ഡോളറാകുകയും ചെയ്തു.
ക്രിപ്റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി അനേകം കറന്‍സികളില്‍ ഒന്നുമാത്രമാണ് ബിറ്റ്കോയിന്. ഇത് സാധാരണ പണംപോലെ കൈയില്‍ പിടിക്കാനോ പേഴ്സില്‍ വെക്കാനോ കഴിയുന്ന ഒന്നല്ല. ഈ കോയിന് നിര്‍മിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റലാണ്.
വലിയ പ്രോസസിങ് ശേഷിയുള്ള കംപ്യൂട്ടറുകളില്‍ അനേകം പ്രോഗ്രാമര്‍മാര്‍ ചേര്‍ന്നാണ് ഒരു ബിറ്റ്കോയിന് ഡിസൈന്‍ ചെയ്യുന്നത്. ബിറ്റ്കോയിനുകള്‍ ഡിജിറ്റല്‍ലോകത്തെ പണവിനിമയത്തിനാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്.