മോസ്കോ: ഗ്രൂപ്പ്മത്സരത്തിലെ രണ്ടാം റൗണ്ടിൽ ബ്രസീലിന് ആരാധകർ കാത്തിരുന്ന വിജയം. കോസ്റ്റാറിക്കയ്ക്കെതിരെ രണ്ടു ഗോളിനാണ് ബ്രസീൽ വിജയിച്ചത്. ഗോൾ അകന്നു നിന്ന ആദ്യപകുതിക്കു ശേഷം ബ്രസീലിന്റെ ആക്രമണം നിറഞ്ഞുനിന്ന രണ്ടാം പകുതിയായിരുന്നു സെന്റ് പീറ്റേഴ്സ് ബർഗിലെ മൈതാനത്ത് കണ്ടത്.
ആദ്യപകുതിയിൽ ആക്രമണത്തിലൂന്നി കോസ്റ്റാറിക്ക കളം നിറഞ്ഞപ്പോൾ പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിയാതെ നീല ജഴ്സിയിൽ ഇറങ്ങിയ മഞ്ഞപ്പട വലഞ്ഞു. എന്നാൽ, ആദ്യ 15 മിനിറ്റിനുള്ളിൽ എതിരാളിയുടെ ഗോൾമുഖത്ത് ആക്രമണം നടത്താൻ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞു.
അതേസമയം, രണ്ടാം പകുതി തുടങ്ങിയത് തന്നെ ബ്രസീലിന്റെ ആക്രമണത്തോടെയായിരുന്നു . നിമിഷങ്ങൾക്കുള്ളിൽ നെയ്മറിന്റെ കാലിൽ നിന്ന് വലയിലേക്ക് പാഞ്ഞ പന്ത് പക്ഷേ ഗോളി കെയ്ലോർ നവാസ് കൈയിലൊതുക്കി. ഗോളി നവാസിന്റെ തകർപ്പൻ സേവുകൾ തന്നെയാണ് കോസ്റ്റാറിക്കയുടെ കരുത്തായതും.
രണ്ടാംപകുതിയിൽ വില്യനെ മാറ്റി പകരം ഡഗ്ലസ് കോസ്റ്റയുമായാണ് ബ്രസീൽ കളത്തിലിറങ്ങിയത്. വേഗതയിൽ ബ്രസീൽ മുന്നിൽ നിന്നപ്പോൾ കൃത്യതയിൽ നിന്ന് ടീം അകന്നു നിന്നു. എന്നാൽ, നിശ്ചിതസമയത്തിനു ശേഷമുള്ള അധികസമയത്ത് നിർണായകമായ ഗോളുകൾ കിറുകൃത്യമായി ബ്രസീൽ നേടുകയും ചെയ്തു. അധികസമയത്തിന്റെ ആദ്യമിനിറ്റിൽ കുടീഞ്ഞോയും ഏഴാം മിനിറ്റിൽ നെയ്മറും ഗോൾ നേടി.
കോസ്റ്റാറിക്കയ്ക്കെതിരെ ശക്തമായ ആക്രമണമായിരുന്നു നെയ്മറും കൂട്ടരും നടത്തിയത്. ഗോൾ എന്ന് ഉറപ്പിച്ച നിരവധി നിമിഷങ്ങൾ രണ്ടാം പകുതിയിൽ പിറക്കുകയും ചെയ്തു. 72 ആം മിനിറ്റിൽ നെയ്മറിന്റെ കാലിൽ നിന്ന് തൊടുത്തുവിട്ട പന്ത് പക്ഷേ, തലനാരിഴ വ്യത്യാസത്തിന് ഗോൾ പോസ്റ്റിനു പുറത്തേക്ക് പോയി. സങ്കടം അടക്കാൻ കഴിയാതെ നെയ്മർ തല ജഴ്സിക്കുള്ളിലേക്ക് താഴ്ത്തി.
രണ്ടു മഞ്ഞക്കാർഡുകളാണ് രണ്ടാം പകുതിയിൽ പിറന്നത്. എൺപതാം മിനിറ്റിൽ ബ്രസീലിന്റെ നെയ്മർ മഞ്ഞക്കാർഡ് നേടിയപ്പോൾ എൺപത്തിമൂന്നാം മിനിറ്റിൽ കോസ്റ്റാറിക്കയുടെ ജോണി അകോസ്റ്റയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു.