കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടുത്തം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാകാത്തതിനാല്‍ കൊച്ചിയിലെ വിവിധയിടങ്ങളില്‍ പുകശല്യം രൂക്ഷമായിരിക്കുകയാണ്. അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് മറൈന്‍ ഡ്രൈവ് വരെ പുകമൂടിയ നിലയിലാണ്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം കത്തിപ്പടര്‍ന്നതോടെയാണ്കറുത്ത പുകയും,ദുര്‍ഗന്ധവും പടരുന്നത്. പുകശ്വസിച്ച് ആളുകള്‍ക്ക് അസ്വസ്ഥതയനുഭവപ്പെടുന്നുണ്ട്.
ഇന്നലെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്.തീ പൂര്‍ണമായും അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് നാലാം തവണയാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടാകുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ നാലുപാടും പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നാണ് അഗ്‌നിശമന സേനയും പറയുന്നത്.