കൊച്ചി: ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനം തനിക്ക് ഒരു വിധത്തിലുളള സമ്മര്‍ദ്ദവും ഉണ്ടാക്കിയിട്ടില്ലെന്ന് ടീം നായകന്‍ സന്ദേഷ് ജിങ്കന്‍. ടീമിന്റെ മുഖ താരമായിരുന്ന ഇയാന്‍ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകര്‍ക്കും അവേശം പകരുമെന്നും ആരാധകരാണ് തന്റെ കരുത്തെന്നും ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാന്‍ കോച്ച് തിരഞ്ഞെടുത്തത് ഇരുപത്തിനാലുകാരനായ സന്ദേശ് ജിങ്കനെയാണ്. ഇത് ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു.

ഈ സംഭവത്തിനുള്ള വിശദീകരണമെന്നോണമാണ് കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ രംഗത്തെത്തിയത്. ആദ്യ വര്‍ഷം ഐഎസ്എല്ലിലെ ഏറ്റവും മികച്ച യുവതാരമായിരുന്നു ജിങ്കന്‍. ജംഷെഡ്പൂര്‍ എഫ് സിക്കെതിരെയാണ് വെള്ളിയാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തപോരാട്ടം. കൊല്‍ക്കത്തയ്ക്കെതിരെ നടന്ന ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.