തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് അടിയന്തരമായി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്.
രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിലും ഭക്ഷ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിലാദ്യമാണ് ഇത്രയേറെ രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനം ദുരിതത്തിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് 50 ശതമാനത്തിലധികമാണ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ധിച്ചത്. അരിക്ക് 55 രൂപയും, വെളിച്ചെണ്ണയ്ക്ക് 220 രൂപയും, ഉള്ളിക്ക് 150 രൂപയും, പഞ്ചസാര 45 രൂപയും വില വര്‍ദ്ധിപ്പിച്ചത് ഇപ്പോള്‍ മാത്രമാണ്. റേഷന്‍ വിതരണം താറുമാറായെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് വരാനിരിക്കെയാണ് ഭക്ഷ്യവകുപ്പിന്റെ ഉദാസീനത തുടരുന്നത്. ജി.എസ്.ടി പേരില്‍ ഇപ്പോഴും 28 ശതമാനം നികുതി നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈടാക്കുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന് 200 കോടി രൂപ ബജറ്റില്‍ അനുവദിച്ചെങ്കിലും 100 കോടിരൂപമാത്രമാണ് ഇതുവരെ നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്നും എം.എം.ഹസന് പറഞ്ഞു.