ന്യൂഡല്‍ഹി: ഭാരത സംസ്‌കാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം അവഗാഹമുണ്ടെന്ന് കണ്ടെത്താന്‍ പ്രണവ് പാണ്ഡ്യെ അധ്യക്ഷനായ സംഘടനയുടെ പരീക്ഷ. ഹരിദ്വാര്‍ ആസ്ഥാനമായ ‘ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ്’ എന്ന സംഘടനയാണ് പരീക്ഷയ്ക്കുപിന്നില്‍. ജവഹര്‍ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലാണ് പരീക്ഷ നടത്തുക.

അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ മേഖലാ ഓഫീസുകള്‍ക്ക് ലഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷയുടെ ഏതാനും ചോദ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഏത് തരം പശുവിലാണ് സൂര്യകേതു നദി കണ്ടെത്താന്‍ സാധിക്കുന്നത്, സനാതന ധര്‍മം അനുസരിച്ച് മനുഷ്യശരീരം നിര്‍മിച്ചിരിക്കുന്നത് എന്തില്‍നിന്ന്, ഇന്ത്യന്‍ ഭവനങ്ങളില്‍ എന്തിനാണ് തുളസി ചെടി വളര്‍ത്തുന്നത് എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ കാറല്‍ മാര്‍ക്സ്, ഇസ്ലാം മത വിശ്വാസികളുടെ പുണ്യ ഗ്രന്ഥം ഖുറാന്‍ എന്നിവയും ചില ചോദ്യങ്ങളില്‍ കടന്നുവരുന്നുണ്ട്. വ്യക്തിത്വ-സാമൂഹിക വികസനവും കുടുംബ ക്ഷേമവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘട പറയുന്നു. പ്രണവ് പാണ്ഡ്യയ്ക്ക് രാജ്യസഭാ അംഗമാകാന്‍ ക്ഷണമുണ്ടായിരുന്നതും അത് നിരസിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു.