കോട്ടയം:മണര്‍കാട് കൊല്ലപ്പെട്ട പതിനാറുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ടിനായി ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
പീഡനശ്രമം എതിര്‍ത്തപ്പോഴാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും കൊല്ലുന്നതിനു മുന്‍പ് ബോധം കെടുത്തി ബലാല്‍സംഗം ചെയ്തുവെന്നും പ്രതിയായ അജേഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. കഴുത്തില്‍ ഷാളും കയറും മുറുക്കിയാണ് കൊന്നതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. അജേഷിനെ കോടതി റിമാന്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടി അവസാനമായി ഫോണില്‍ വിളിച്ച അജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന അജേഷ് ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയുടെ സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.തൊട്ടടുത്ത് ഇയാള്‍ താമസിക്കുന്ന മുറിയില്‍ വച്ചാണ് പകല്‍ കൊല നടത്തിയതും രാത്രി മൃതദേഹം വലിച്ച് കൊണ്ടുപോയി വാഴത്തോട്ടത്തില്‍ കുഴിച്ച് മൂടിയെന്നും പൊലീസ് പറയുന്നു.