ഏറെനാളുകള്‍ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മന്‍ എന്ന രാജരാജചോളന് ഒന്നാമനെക്കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം. ഡിസംബര്‍ 10 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തായ്ലാന്റ് ആണ് പ്രധാന ലൊക്കേഷന്‍. വിക്രം, ഐശ്വര്യ റായ് ബച്ചന്, ജയം രവി, കാര്‍ത്തി, വിക്രം പ്രഭൂ, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ശരത്കുമാര്, പ്രഭു, കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഗാനരചയിതാവിന്റെ പേര് ഉള്‍പ്പെടുത്താത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. വൈരമുത്തുവാണ് മണിരത്നത്തിന്റെ സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കാറുള്ളത്. മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വൈരമുത്തുവിന്റെ പേര് ഒഴിവാക്കിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സംഗീതം – എ.ആര്.റഹ്മാന്. മണിരത്നത്തിന്റെ ഉടമസ്ഥതതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.