തിരുവനന്തപുരം: സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ശബരിമല തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈയില്‍ കരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുകയാണ് ദേവസ്വം ബോര്‍ഡ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്ന് നടന്നു. തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി പില്‍ഗ്രിമേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ സുരക്ഷയ്ക്കും ശുചീകരണത്തിനുമായി പ്രത്യേകം പ്രധാന്യം നല്‍കുന്നുണ്ട്. സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അറിയിച്ചു.

തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളില്‍ കോ-ഓര്‍ഡിനേഷന്‍ പില്‍ഗ്രിമേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടന കാലയളവില്‍ ഭക്തര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ച് സെന്ററുകളിലൂടെ ബോധവത്കരണം നല്‍കും. ഇതിലൂടെ ഭക്തര്‍ക്ക് ദര്‍ശന ത്തിനായി ക്യൂ നില്‍ക്കുന്നതില്‍ നിന്ന് അഞ്ച് മണിക്കൂറോളം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് നിഗമനം. സന്നിധാനം പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കും. ഇരുമുടിക്കെട്ടിലും പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി.

അത്യാധുനിക രീതിയിലുള്ള ആംബുലന്‍സ് സംവിധാനവും കാര്‍ഡിയാക് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പു വരുത്തും. കുടുതല്‍ പ്രസാദം കൗണ്ടറുകളും സൈന്‍ ബോര്‍ഡുകളും സിസിടിവികളും സ്ഥാപിക്കും. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.