തിരുവനന്തപുരം: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി കടത്തിക്കൊണ്ടുപോകുന്നത് മനുഷ്യക്കടത്തിനു തുല്യമാണെന്ന് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ഹാദിയ പറഞ്ഞിട്ടില്ല. വീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന ഹാദിയയുടെ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും രേഖ ശര്‍മ പറഞ്ഞു. പതിനൊന്ന് പരാതികള്‍ കൈമാറിയെന്നും വിശദമായ അന്വേഷണം ഡിജിപി ഉറപ്പുനല്‍കിയെന്നും രേഖ ശര്‍മ പറഞ്ഞു.
പാര്‍ട്ടി നേതാക്കള്‍ പറയുന്നതാണ് സംസ്ഥാന വനിതാ കമ്മിഷന് പറയുന്നതെന്നും കേരള സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ അറിയിച്ചു. ഭീകര സംഘടനയായ ഐഎസില്‍ ചേരാനായി രാജ്യം വിട്ട തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവിനെ ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖ ശര്‍മ സന്ദര്‍ശിച്ചിരുന്നു. നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ച് കൊണ്ടുള്ള പരാതി ബിന്ദു വനിതാ കമ്മീഷന് കൈമാറി. മകളെ കാണാതായതിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും മകള്‍ക്ക് എന്ത് സംഭവിച്ചു എന്നതില്‍ വ്യക്തത ഉണ്ടായില്ലെന്നും ബിന്ദു പരാതിയില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ദേശീയ വനിതാ കമ്മിഷന് അദ്ധ്യക്ഷ രേഖാ ശര്‍മ്മയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന് രംഗത്തെത്തി. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല. ഇവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കാതെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ദേശീയതലത്തില്‍ കേരളത്തെ ഇകഴ്ത്തിക്കാട്ടുകയാണ് ദേശീയ വനിതാ കമ്മീഷന്റെ ലക്ഷ്യമെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.