തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വന്‍ വിലവര്‍ധനവ് നിലവില്‍ വന്നതോടെ രോഗികളും ബന്ധുക്കളും ദുരിതക്കയത്തില്‍. ചരക്കുസേവന നികുതിയുടെ പേരിലാണ് സംസ്ഥാനത്തെ നൂറോളം മരുന്നുകള്‍ക്ക് വിലവര്‍ധിപ്പിച്ചത്. ജി.എസ്.ടി നടപ്പിലാകുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ജീവിതശൈലീരോഗങ്ങള്‍ക്കും മറ്റും തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളുടെ വില അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നത് രോഗികളെ ആശങ്കയിലാഴ്ത്തുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണ പട്ടികയില്‍പ്പെട്ട മരുന്നുകള്‍ക്കും ജി.എസ്.ടി വന്നതോടെ വിലകൂടി. കൊളസ്‌ട്രോളിനുള്ള റോസുവോസ്റ്റാറ്റിന്‍ 40 മില്ലീഗ്രാമിന്റെ ഒരു ഗുളികയ്ക്ക് ജി.എസ്.ടി.യ്ക്കുമുന്‍പുള്ള വില 39.90 ആയിരുന്നു. ജി.എസ്.ടി. വന്നപ്പോള്‍ ഇത് 43.56 ആയി. പ്രമേഹത്തിനുള്ള ഗ്ലൈബെന്‍ ക്ലമയിഡ് അഞ്ച് മില്ലിഗ്രാം ഗുളികയ്ക്ക് ഒരുരൂപ എട്ട് പൈസയുണ്ടായിരുന്നത് 1.22 രൂപയായി.

ചെറിയ വിലക്കയറ്റമെന്ന് തോന്നുമെങ്കിലും ഒരു മാസം 60 മുതല്‍ 90 ഗുളികവരെയാണ് വേണ്ടത്. പ്രമേഹവും കൊഴുപ്പും കുറയുന്നതിനായി നിത്യേന കഴിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ ഗുളികയ്ക്ക് 1.46 രൂപയില്‍നിന്ന് 1.52 രൂപയായി. ഇതും മാസത്തില്‍ 60 മുതല്‍ 90 വരെ കഴിക്കേണ്ട മരുന്നാണ്.

കഫക്കെട്ടിനും പനിക്കും നെഞ്ചുവേദനയ്ക്കും വ്യാപകമായി ഉപയോഗിക്കുന്ന അസിത്രോമൈസിന്‍ 500 മി.ഗ്രാം ഗുളികയ്ക്ക് 18.72ല്‍നിന്ന് 20.21 ആയി ഉയര്‍ന്നു. ഈ നാലുമരുന്നുകളും വിലനിയന്ത്രണപ്പട്ടികയില്‍ പെട്ടതാണ്. ജി.എസ്.ടി.യില്‍ അഞ്ച് സ്ലാബുകളിലായി നികുതി വന്നപ്പോള്‍ മരുന്നുവില കുറയുമെന്ന പ്രഖ്യാപനങ്ങള്‍ പാഴ് വാക്കായെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ഓള്‍ ഇന്ത്യാ വൈസ് പ്രസിഡന്റുമായ എ.എന്‍. മോഹന്‍ പറഞ്ഞു. നികുതി ഒറ്റ സ്ലാബാക്കി ദിവസവും കഴിക്കേണ്ട മരുന്നുകളെ പൂര്‍ണമായും വിലനിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.