തിരുവനന്തപുരം: മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഗ്രന്ഥശേഖരം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനാവണം. കമ്പ്യൂട്ടറില്‍ മലയാള ഭാഷ ഉപയോഗിക്കുന്നതില്‍ ചില പരിമിതികളുണ്ട്. യൂണികോഡില്‍ അലങ്കാര ഫോണ്ടുകള്‍ അധികമില്ലെന്ന പോരായ്മയുണ്ട്. ഇവ പരിഹരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിന്റെ ഫണ്ട് ലഭിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. മാതൃഭാഷയുടെ പ്രോത്‌സാഹനത്തിനും പഠനത്തിനുമായി നിയമനിര്‍മാണം നടത്തിയെങ്കിലും നിര്‍വഹണ ചട്ടം രൂപീകരിക്കേണ്ടതുണ്ട്. മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം നേടാനാവുന്ന അവസ്ഥ കേരളത്തില്‍ മാത്രമാണുള്ളത്. മാതൃഭാഷ പഠനത്തിന് നിയമം വന്നത് ഭാഷാന്യൂനപക്ഷ മേഖലകളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ പഠനമാധ്യമം ന്യൂനപക്ഷ ഭാഷ തന്നെയാവും. എന്നാല്‍ ഉപഭാഷയായി മലയാളം പഠിക്കണം. ഭരണഭാഷ പൂര്‍ണമായി മലയാളമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഭാഷയുടെയും മാതൃഭാഷയുടെയും വികസനം പരസ്പര പൂരകമാണ്. കീഴ്‌കോടതികളില്‍ മലയാള ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും ഹൈക്കോടതിയില്‍ ഇംഗല്‍ഷാണ് മാധ്യമം. ഹൈക്കോടതി വിധി പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മാതൃഭാഷയില്‍ തര്‍ജ്ജമ ചെയ്ത വിധി പകര്‍പ്പ് നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ഓര്‍മിപ്പിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫ. പന്‍മന രാമചന്ദ്രന്‍ നായരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. കൈരളിയുടെ കാവലാളാണ് പന്‍മന രാമചന്ദ്രന്‍ നായരെന്നും ശുദ്ധഭാഷയുടെ നേര്‍ക്കുണ്ടാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബല്‍ക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ജനപഥം ഭരണഭാഷാ പതിപ്പും ഭരണഭാഷ പഠനപദ്ധതി പതിപ്പും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഭരണഭാഷ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജീവനക്കാര്‍ ഭരണഭാഷ പ്രതിജ്ഞയെടുത്തു. മന്ത്രി എ. കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പന്‍മന രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം,പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, വകുപ്പ് മേധാവികള്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.