[author ]നിസാര്‍ മുഹമ്മദ്[/author]തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഏഴിന് നടക്കുന്ന ഇന്ത്യന്യൂസിലാന്റ് മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മല്‍സരം മഴപ്പേടിയില്‍. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലാണ് ക്രിക്കറ്റ് പ്രേമികളെ ആശങ്കപ്പെടുത്തുന്നത്.

30 വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് എത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന്റെ ലഹരിയിലായിരുന്ന നഗരം ഇന്ന് പെയ്ത മഴയില്‍ നിരാശരായി. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മഴ കാര്യമായി പെയ്യുന്നുണ്ട്. നാളെയും ഇത് തുടര്‍ന്നാല്‍ കളിയുടെ കാര്യം അനിശ്ചിതത്വത്തിലാകും. ഇന്നും സ്‌റ്റേഡിയത്തില്‍ കനത്ത മഴ പെയ്തത് ഗ്രൗണ്ട് സ്റ്റാഫിനെയും സംഘാടകരെയും കുഴക്കി. യഥാസമയം പിച്ച് മൂടിയാലും ഔട്ട് ഫീല്‍ഡിലെ വെള്ളം ഒഴുകിപ്പോകാന്‍ കുറച്ച് സമയമെടുക്കും.

രാത്രി ഏഴുമുതലാണ് മല്‍സരം ആരംഭിക്കുക. ഇന്ത്യ, ന്യൂസിലന്റ് ടീമുകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനും കെ. വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്റ് ടീമിനും കോവളം റാവിസ് ലീലാ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

അതേസമയം, മല്‍സരത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണ മേഖലാ എഡിജിപി ഡോ. ബി സന്ധ്യ, ഐജി മനോജ് എബ്രഹാം, സിറ്റി പൊലിസ് കമ്മീഷണര്‍ പി പ്രകാശ്, ഡിസിപി ജി ജയദേവ് എന്നിവരുടെ നേതൃത്വത്തില്‍ ആറ് എസ്പിമാര്‍, 27 ഡിവൈഎസ്പിമാര്‍, 60 സിഐ മാര്‍, 240 എസ്‌ഐമാര്‍ ഉള്‍പ്പെടെ 2500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ചിന് കീഴിലുള്ള പത്തനംതിട്ട, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ പൊലിസ് ജില്ലകളില്‍ നിന്നും പൊലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.