തിരുവനന്തപുരം:സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.ആദ്യം മുതല്‍ ഡാമുകള്‍ കുറേശെയായി തുറന്നുവിട്ടിരുന്നെങ്കില്‍ എല്ലാം ഒരുമിച്ച് തുറന്നുവിടേണ്ടിവന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു.ഡാം സുരക്ഷാ അഥോറിറ്റിയും യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.വിഡി സതീശന്‍ എംഎല്‍എ ഒഴികെ സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നു പറഞ്ഞത് ഭരണപക്ഷ എംഎല്‍എമാരാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മഴ തകര്‍ത്തു പെയ്യുന്ന സമയത്ത് സര്‍ക്കാര്‍ 20-ാമത്തെ മന്ത്രിയെ നിയമിക്കാനും സിപിഐക്ക് പകരം എന്തു നല്‍കണമെന്നുമുള്ള ചര്‍ച്ചകളിലായിരുന്നു.
ഇടുക്കിയില്‍ ജലനിരപ്പ് കൂടിയപ്പോള്‍ ട്രയല്‍ റണ്‍ വേണമെന്ന് മന്ത്രി മണി പറഞ്ഞെങ്കിലും വേണ്ടെന്നാണ് ജലവിഭവ മന്ത്രി പറഞ്ഞത്.മഴ തുടര്‍ന്നപ്പോള്‍ പിന്നീട് കണ്ടത് എല്ലാ ഡാമും ഒരേ സമയം തുറക്കുന്നതാണ്.അണക്കെട്ട് തുറക്കാതിരുന്നിടത്തും പ്രളയമുണ്ടായി എന്നാണ് മുഖ്യമന്ത്രി പറയുന്നത്.അവിടങ്ങളില്‍ കാല്‍നനയുന്ന വെള്ളം ഉയര്‍ന്നപ്പോള്‍ മറ്റിടങ്ങളില്‍ മനുഷ്യനെ മുക്കിയ ദുരന്തമാണുണ്ടായത്.
ജൂലായ് 17ന് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോള്‍ ഇതുപോലെ വെള്ളപ്പൊക്ക കെടുതികളിലായിരുന്നു കുട്ടനാട്ടിലുമൊക്കെ.ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല.ബാണാസുര സണക്കെട്ട് ഏഴാം തീയതി തുറന്നെങ്കിലും എട്ടാം തീയതി ഉച്ചയ്ക്കാണ് മുന്നറിയിപ്പ് കൊടുത്തത്.സംഭവത്തില്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്.ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ആദ്യമായി 50,000 പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് സജി ചെറിയാനാണ്.ഏകീകരണം ഇല്ലെന്നു വീണാ ജോര്‍ജും ഒരു മുന്നറിയിപ്പും നല്‍കിയില്ലെന്ന് രാജു എബ്രഹാമും ഉള്‍പ്പെടെ ഭരണപക്ഷത്തുള്ളവരാണ് വീഴ്ച തുറന്ന് പറഞ്ഞത്. വിഡി സതീശന്‍ മാത്രമാണ് പ്രതിപക്ഷത്തു നിന്ന് പറഞ്ഞത്.
ഇപ്പോള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ പോലും ആവശ്യത്തിന് ഭക്ഷണം എത്തുന്നില്ല.ആളുകള്‍ മരിക്കുന്നത് ജാതിയും പാര്‍ട്ടിയും നോക്കിയല്ല. മനസ്സ് അറിഞ്ഞ് തരുന്ന സഹായമാണ് യുഎഇയുടേത്.500 കോടിതന്ന കേന്ദ്രത്തേക്കാള്‍ കൂടുതല്‍ 700 കോടി യുഎഇ തന്നപ്പോള്‍ അത് വാങ്ങേണ്ട എന്നത് ദുഷ്ടലാക്കാണ്.
മന്ത്രി എ.കെ ബാലന് പൈലറ്റ് പോകാന്‍ വാഹനം എത്താത്തതിന്റെ പേരില്‍ എസ്.ഐക്കെതിരെ നടപടി ശരിയല്ല. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് ഒരു 15 ലക്ഷമെങ്കിലും കൊടുക്കണമെന്നും വീടിന് കേടുപാട് സംഭവിച്ചവര്‍ക്ക് 10 ലക്ഷമെങ്കിലും കൊടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.