കുവൈറ്റ് സിറ്റി: മാധ്യമങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പിണറായി വിജയന്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടത് മാത്രം കേള്‍ക്കണം എന്ന് വിചാരിക്കുന്നത് ഒരു പൊതു പ്രവര്‍ത്തകനു യോജിച്ചതല്ലെന്നും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സഹിഷ്ണുതയാണെന്നും അദ്ദേഹം കുവൈത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സോളാര്‍ കേസില്‍ എടുത്തു ചാടി മുന്നോട്ട് വന്ന സര്‍ക്കാരിനു തന്നെ അന്തിമ ഘട്ടത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. 33 കേസുകളില്‍ പ്രതിയായ ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടില്ലെന്നത് സംശയകരമാണ്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിനു സര്‍ക്കാര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

മുന്‍ യുഡിഎഫ് സര്‍ക്കാരിനെ അട്ടി മറിക്കാന്‍ സിപിഎം നേതാക്കള്‍ പത്ത് കോടി രൂപ വാഗ്ദാനം നല്‍കിയെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ സംബന്ധിച്ചും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇത് ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയം മുന്‍ നിര്‍ത്തി അധികാര രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണു കെപിസിസി അധ്യക്ഷത സ്ഥാനത്തേക്ക് വരുന്നില്ല എന്ന തന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു